അടുത്ത വര്‍ഷം പരീക്ഷയെഴുതാനായി വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE). 2026-ല്‍ പരീക്ഷയെഴുതേണ്ട 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയത്. അറ്റന്‍ഡന്‍സിനെ സിബിഎസ്ഇ ഇന്റേണല്‍ അസസ്‌മെന്റിന്റെ ഭാഗമാക്കി തിങ്കളാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സിബിഎസ്ഇ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റേണല്‍ അസസ്‌മെന്റ് എന്നാല്‍ രണ്ടുവര്‍ഷം നീളുന്ന പ്രക്രിയയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതിരുന്നാല്‍ ഇന്റേണല്‍ അസസ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതിനാല്‍ മതിയായ ഹാജര്‍ ഇല്ലാത്ത ഇല്ലാത്ത കുട്ടികളെ, അവര്‍ റെഗുലര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ പോലും 'എസന്‍ഷ്യല്‍ റിപ്പീറ്റ്' എന്ന വിഭാഗത്തിലേക്ക് മാറ്റും. ഈ വിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന കുട്ടികള്‍ സ്വകാര്യമായി രജിസ്റ്റര്‍ ചെയ്ത് വീണ്ടും പരീക്ഷ എഴുതേണ്ടിവരും. 10, 12 ക്ലാസുകള്‍ രണ്ടുവര്‍ഷ കോഴ്‌സുകളായാണ് പരിഗണിക്കുക എന്ന സിബിഎസ്ഇയുടെ നിലപാടിനെ ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍.
0 Comments